മുംബൈ: മഹാരാഷ്ട്രയിൽ രണ്ട്, മൂന്ന് മാസത്തിനുള്ളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന കേന്ദ്രമന്ത്രി റാവു സാഹേബ് ദാൻവേയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. നിലവിൽ അധികാരത്തിൽ തുടരുന്ന മഹാ വികാസ് അഘാടി (എംവിഎ) മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പർഭാനി ജില്ലയിൽ നടന്ന പ്രചാരണത്തിനിടെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാവു സാഹേബ് ദാൻവേ നടത്തിയ പ്രസ്‌താവനയ്ക്കാണ് ശിവസേനയുടെ മറുപടി.
വെറും മൂന്ന് ദിവസത്തിനായി കഴിഞ്ഞ വർഷം രൂപീകരിച്ച സർക്കാരിന്‍റെ ചരമവാർഷികമാണിന്ന്. അധികാരത്തിൽ ഞങ്ങളുടെ സർക്കാർ നാല് വർഷവും പൂർത്തിയാക്കും. എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതിന്‍റെ നിരാശയാണ് ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നത്. മഹാരാഷ്‌ട്രയിലെ ജനങ്ങൾ എംവിഎ സഖ്യത്തിനൊപ്പമാണെന്നും സഞ്ജയ് റാവത്ത് മറുപടി നൽകി.
മഹാരാഷ്‌ട്രയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാരുണ്ടാകില്ലെന്ന് കരുതരുത്. രണ്ട്-മൂന്ന് മാസത്തിനുള്ളിൽ ബിജെപി സർക്കാർ രൂപീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നാണ് പ്രചാരണത്തിനിടെ റാവു സാഹേബ് ദാൻവേ പറഞ്ഞത്.
കൂടുതൽ വായിക്കാൻ: മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപി