ലഖ്‌നൗ: കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. തിങ്കളാഴ്ച രാത്രി ഗാസിയാബാദിൽ വെച്ച് വിക്രം ജോഷിയെ ഗുണ്ടകൾ വെടിവെക്കുകയും ബുധനാഴ്ച രാവിലെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു.മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണ്ടകൾ വെടിയുതിർത്തതിനെത്തുടർന്ന് തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ വാർത്ത ദുഃഖകരമാണ്. മരിച്ചയാളുടെ കുടുംബത്തിന് സമാജ്‌വാദി പാർട്ടി രണ്ട് ലക്ഷം രൂപ നൽകും. പുറമെ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണം എങ്കിലെ വിക്രം ജോഷിയുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിയുവെന്ന് പാർട്ടി ട്വീറ്റ് ചെയ്തു.
ജൂലൈ 20ന് ഗാസിയാബാദിലെ വിജയ് നഗറിലെ വസതിക്ക് സമീപത്ത് വെച്ചാണ് ജോഷിയെ അജ്ഞാതർ ആക്രമിച്ചത്. തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിക്കുകയായിരുന്നു.വെടിയുണ്ടകളാല്‍ മാധ്യമപ്രവർത്തകന്‍റെ തലയിലെ ഞരമ്പുകൾക്ക് പരിക്കേറ്റിരുന്നതായി ജോഷിയെ നിരീക്ഷിച്ച ഡോക്ടർമാർ പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകന്‍റെ കുടുംബം പൊലീസിന്‍റെ നിഷ്‌ക്രിയത്വം ആരോപിച്ച് നൽകിയ പരാതിയിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍റ് ചെയ്ത് വകുപ്പുതല അന്വേഷണം ആരംഭിച്ചു. മരുമകളെ ചിലർ ഉപദ്രവിക്കുന്നതായി കാണിച്ച് വിക്രം ജോഷി വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ കൊലപ്പെടുത്തിയത്. വിക്രം ജോഷി മരിച്ച് മണിക്കൂറുകൾ കഴിയും മുമ്പെ ഉത്തർപ്രദേശ് പൊലീസ് കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും അറിയിച്ചു.