സിഖ് വിരുദ്ധ കലാപകേസിലെ പ്രതിയായ സജ്ജൻ കുമാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സജ്ജന്‍ കുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സിഖ് വിരുദ്ധ കലാപക്കേസിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ പ്രതിയാണെന്ന് കണ്ടെത്തി ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തൽ ഡിസംബർ 17ന് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ തെക്കൻ ഡൽഹിയിൽ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് കോടതി സജ്ജൻകുമാറിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷച്ചത്. മൂന്നു ദിവസത്തെകലാപത്തിൽ മൂവായിരത്തോളം പേരാണ് മരിച്ചത്. കോടതി വിധിയെ തുടർന്ന് കോൺഗ്രസ് അംഗം സജ്ജൻ കുമാർ രാജി വച്ചിരുന്നു.
കീഴടങ്ങുന്നതിന് മുമ്പായി കുടുംബകാര്യങ്ങൾ ചെയ്ത് തീർക്കാനായി ഒരു മാസം സമയം സജ്ജൻ കുമാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.