ഡല്‍ഹി: കോവിഡ്-19 വാക്സിൻ ഉൽപ്പാദനത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായി കുഡഷെവ് ഔദ്യോഗികമായി ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. റഷ്യ പ്രതിമാസം 6 ദശലക്ഷം ഡോസ് കൊവിഡ്-19 വാക്സിൻ ഉൽപ്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വാക്സിൻ ട്രയലുകളുടെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിന് വാക്സിൻ വികസിപ്പിച്ച ഗാമലിയ നാഷണൽ സെന്‍റര്‍ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ബന്ധപ്പെടാൻ മോസ്കോയിലെ ഇന്ത്യൻ എംബസി നടത്തിയ ശ്രമങ്ങൾക്കിടയിലാണ് ഇത്തരത്തിലൊരു നടപടി റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ ആഴ്ച, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രീവ്, കൊവിഡ് വാക്സിൻ സ്പുട്നിക് അഞ്ച് ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ത്യയുമായി പങ്കാളിത്തം തേടാൻ റഷ്യ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്‌നിക് അഞ്ച് ഉല്‍പാദിപ്പിക്കാന്‍ മോസ്‌കോ താല്‍പര്യപ്പെടുന്നതായും ദിമിത്രീവ് പറഞ്ഞു.
അതേസമയം, വാക്സിന്‍റെ യഥാർഥ പരിശോധന മൂന്നാം ഘട്ടത്തിൽ ആയിരിക്കും എന്നാണ് റഷ്യൻ വാക്സിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍റെ മകൾ ആദ്യമായി വാക്സിൻ സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് 1-ന് വാക്സിൻ ഒന്നാം ഘട്ടവും 2 ക്ലിനിക്കൽ ട്രയലും പൂർത്തിയായതായി റഷ്യ അവകാശപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ഫിലിപ്പീൻസ്, സാധ്യതയുള്ള ഇന്ത്യ അല്ലെങ്കിൽ ബ്രസീൽ പോലുള്ള നിരവധി രാജ്യങ്ങൾ പ്രാദേശികമായി സ്പുട്നിക് അഞ്ച് ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കും. ഈ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ അറിയിച്ചത്.
അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം. പരീക്ഷണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ വളരെ വേഗത്തിലാണ് നടന്നത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രക്രിയയും പൂർത്തിയായി. സാധാരണ വാക്സിനുകൾ ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ നിരവധി മാസങ്ങളോ വർഷങ്ങളോ തന്നെ എടുക്കാറുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ വേണമെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യരുതെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 24 മുതൽ റഷ്യയിൽ 40,000-ലധികം ആളുകൾ ഉൾപ്പെട്ട പോസ്റ്റ്-രജിസ്ട്രേഷൻ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.