ചൈനയെ സൗഹൃദ രാഷ്ട്ര പദവവിയിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് സാമ്പത്തിക വിഭാഗം സ്വദേശി ജാഗ്രൺമഞ്ച്. പുൽവാമഭീകരാക്രമണ സൂത്രധാരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്ര സഭയിൽ ചൈന തടഞ്ഞതിനെ തുടർന്നാണ് ആവശ്യം.എസ്ജെഎം അഖിലേന്ത്യാ കൺവീനർ അശ്വിനി മഹാജൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയുമായുളള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിൻവലിക്കണം. എല്ലാ ചൈനിസ് ഉത്പ്പന്നങ്ങൾക്കും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണം. ചൈനയുടെ ഇറക്കുമതിയിൽ കൂടുതൽ താരിഫ് നികതി ഈടാക്കണമെന്നും കത്തിൽ പറയുന്നു.നിരുത്തരവാദിത്തപരമായ നടപടികളുടെ പ്രത്യാഘാതങ്ങൾ ചൈനയെ അറിയിക്കാനുളള അവസരമാണിത് . ഇതിനായി നയതന്ത്രവും സാമ്പത്തികവുമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന താരിഫ് ശരാശരിയേക്കാൾ കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .അതിനാൽ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യണമെന്നും മഹാജൻ ആവശ്യപ്പെടുന്നു.
താരിഫ് നികുതി ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം . അമേരിക്കയും മറ്റ് സഖ്യ രാജ്യങ്ങളും ആരംഭിച്ച വ്യാപാര യുദ്ധത്താൽ ചൈന ഇതിനോടകം സാമ്പത്തിക സമ്മർദ്ദത്തിലാണ്. ഇതിലൂടെ ഭീകരവാദികളെ സംരക്ഷിക്കുന്നതിലുള്ള പ്രത്യാഘാതങ്ങൾ ചൈനക്ക് മനസിലാകും. ഇന്ത്യയുടെ ഈ പ്രവർത്തി ഭീകരതക്കെതിരായ നമ്മുടെ ആഗോള പോരാട്ടത്തെ സഹായിക്കുമെന്നും മഹാജൻ കൂട്ടിച്ചേർത്തു.അതേസമയം ചൈനീസ് ഉത്പ്പന്നങ്ങൾണ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസും രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരമുളള ചൈന ഇത് നാലാം തവണയാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ നിരാകരിക്കുന്നത്.