ഭോപ്പാൽ: കൊവിഡ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നിട്ടും, ദരിദ്രരുടെയും തൊഴിലാളികളുടെയും കർഷകരുടെയും അക്കൗണ്ടുകളിലേക്ക് 16,000 കോടി രൂപ കൈമാറിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് അകപ്പെട്ട അതിഥി തൊഴിലാളികൾ ഒരു കാരണങ്ങൾക്കൊണ്ടും ആകുലപ്പെടരുതെന്നും തൊഴിലാളികളെ തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മൂലം സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നിട്ടുണ്ട്, എന്നിരുന്നാലും ദരിദ്രർ, തൊഴിലാളികൾ, കൃഷിക്കാർ, കുട്ടികൾ എന്നിവരുടെ അക്കൗണ്ടിലേക്ക് 16,000 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്, അതുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിനും ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
90 ഓളം ട്രെയിനുകളും ആയിരക്കണക്കിന് ബസുകളും അതിഥി തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലേക്ക് തിരികെ അയക്കുന്നതിനായി ഒരുക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ഭക്ഷണം, റേഷൻ, ജോലി എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. റേഷൻ കാർഡുകളില്ലാത്ത തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകുന്നുണ്ട്. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ കാർഡുകൾ ലഭ്യമാക്കും. തൊഴിലാളികൾ എല്ലാവരും സാംബൽ യോജനയുടെ ആനുകൂല്യങ്ങൾക്ക് അർഹരാണെന്നും ചൗഹാൻ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പരിരക്ഷ നൽകിക്കൊണ്ട് ദരിദ്രരുടെ ജീവിതം ശക്തിപ്പെടുത്തുന്ന പദ്ധതിയാണ് സാംബാൽ യോജന.
സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തങ്ങൾ പൂർണ്ണമായി പരിപാലിക്കുന്നുണ്ടെന്നും അവരെ പട്ടിണി കിടക്കാനോ നടന്ന് സ്വദേശത്ത് എത്താനോ അനുവദിക്കില്ലെന്നും എല്ലാ തൊഴിലാളികളെയും സംസ്ഥാനത്തിന്‍റെ അതിർത്തിയിൽ എത്തിക്കാൻ ആയിരത്തോളം ബസുകളാണ് ദിവസവും സര്‍വ്വീസ് നടത്തുന്നതെന്നും ചൗഹാൻ പറഞ്ഞു. ഭക്ഷണം, ചായ, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ അവർക്ക് നൽകുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ അതിഥികളായാണ് കാണുന്നതെന്നും ഇവര്‍ക്ക് ചെരുപ്പുകളും ഷൂവും നൽകുന്നുണ്ടെന്നും ചൗഹാൻ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിൽ ട്രെയിൻ കയറി മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകും. സംസ്ഥാനത്തെ ബർവാനിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി അപകടങ്ങളിൽ മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേൽക്കുന്നവര്‍ക്ക് 25,000 രൂപ വീതവും നൽകുമെന്ന് ചൗഹാൻ പറഞ്ഞു.
താങ്ങ് വില നൽകി 90 ലക്ഷം മെട്രിക് ടൺ ഗോതമ്പ് സംസ്ഥാനം വാങ്ങിയതായും 10,000 കോടി രൂപ കൃഷിക്കാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാർ വിഷമിക്കേണ്ടതില്ലെന്നും കര്‍ഷകരുടെ ഓരോ വിളയും സര്‍ക്കാര്‍ താങ്ങ് വില നൽകി വാങ്ങുമെന്നും ചൗഹാൻ ഉറപ്പ് നൽകി. അടുത്തിടെ 2,290 കോടി രൂപയുടെ വിള ഇൻഷുറൻസ് തുക സംസ്ഥാനത്തെ 15 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.