ഷിംല: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് റോഹ്താങ് തുരങ്കത്തിന്‍റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കുളുവിനെയും ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്വരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കത്തിന് വാജ്പേയിയുടെ പേര് നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
2003 ൽ തുരങ്കത്തിന് തറക്കല്ലിട്ട അന്തരിച്ച ബിജെപി നേതാവിനോടുള്ള ആദരസൂചകമായി തുരങ്കത്തിന്‍റെ പേര് മാറ്റണമെന്ന സംസ്ഥാനത്തിന്‍റെ അഭ്യർത്ഥന അംഗീകരിച്ചാണ് നടപടി. തീരുമാനത്തില്‍ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ കേന്ദ്ര സർക്കാരിനോട് നന്ദി പറഞ്ഞു.
ലഹോൾ-സ്പിതി ജില്ലയിലേക്കുള്ള തുരങ്കം വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്നെന്നും താക്കൂര്‍ പറഞ്ഞു. തുരങ്കത്തിന്‍റെ നിര്‍മാണം 2017 ല്‍ ആണ് പൂര്‍ത്തിയായത്. ഇപ്പോൾ സിവിൽ എഞ്ചിനീയറിങ് ജോലികൾ പുരോഗമിക്കുകയാണ്. 2020 മെയ്-ജൂൺ മാസത്തോടെ തുരങ്കം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.