ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ രോഗികളെ സ്‌ക്രീന്‍ ചെയ്യാന്‍ റോബോട്ടുകളും. ബെംഗളൂരുവിലെ പ്രശസ്‌തമായ സ്വകാര്യ ആശുപത്രിയായ ഫോര്‍ട്ടിസിലാണ് രോഗികളെ സ്‌ക്രീന്‍ ചെയ്യാനും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്തും റോബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. മിത്ര എന്ന് പേരിട്ടിരിക്കുന്ന രണ്ട് റോബോട്ടുകള്‍ മുഖ ഭാവ, സംസാര രീതികളെ അനുകരിച്ച് ആളുകളുമായി സംവദിക്കുകയും പനി, ചുമ, ജലദോഷം തുടങ്ങിയവ സ്‌ക്രീന്‍ ചെയ്യുകയും ചെയ്യുന്നു.
ആദ്യത്തെ റോബോട്ട് ആശുപത്രിയിലെത്തുന്ന രോഗികളെയും ആളുകളെയും ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും പരിശോധിക്കും. ഇവരുടെ ശരീര താപനിലയില്‍ ഏറ്റക്കുറച്ചിലുകളില്ലെങ്കില്‍ റോബോട്ട് പ്രവേശന പാസ് നല്‍കും. പേരും ഫോട്ടോയുമടങ്ങിയ പാസായിരിക്കും നല്‍കുകയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഒന്നാമത്തെ റോബോട്ട് ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ രണ്ടാമത്തെ റോബോട്ട് ഫ്ലൂ ക്ലിനിക്കിലേക്ക് കൈമാറുകയും ഡോക്‌ടര്‍ വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് പ്രവര്‍ത്തന രീതി. കൊവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ റോബോട്ട് സ്‌ക്രീനിങ് വഴി പരിശോധന നടത്തുന്നത് സമ്പര്‍ക്കം വഴി വൈറസ് പടരുന്നത് കുറക്കാന്‍ സഹായിക്കുമെന്ന് ഫോര്‍ട്ടിസ് സോണല്‍ ഡയറക്‌ടര്‍ മനിഷ് മാറ്റോ പറഞ്ഞു.