ഹൈദരാബാദ്: ആവര്‍ത്തിച്ചുണ്ടാകുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും അടക്കമുള്ള കെടുതികളെ നേരിടാൻ ദേശീയ നദീസംയോജന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാര്‍. ഇതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ ജല പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്. നേരത്തെ നദീസംയോജന പ്രോജക്ടുകൾക്ക് 60:40 ധനസഹായം ലഭിച്ചിരുന്നു. അതായത് 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുകളും വിഹിതം വഹിച്ചിരുന്നു. നിലവിൽ, ധനസഹായം 90:10 അടിസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. ഇത് അന്തർസംസ്ഥാന പദ്ധതികൾക്ക് മാത്രമല്ല, ഒരേ സംസ്ഥാനത്ത് രണ്ട് നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ബാധകം ആണ്. പ്രത്യേക അതോറിറ്റി സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് സഹായകമാകുമെന്നും കേന്ദ്ര സര്‍ക്കാർ വിശദീകരിക്കുന്നു.
ദേശീയ ജല വികസന ഏജൻസിക്കാണ് (എൻഡബ്ല്യുഡിഎ) നദീസംയോജന പദ്ധതിയുടെ മേൽനോട്ടം. വിദഗ്ധരുമായി സംവദിച്ച് പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുക, സമഗ്ര പ്രൊജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുക, സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുക, ആവശ്യമായ അംഗീകാരങ്ങൾ നേടുക തുടങ്ങി പദ്ധതിയുടെ എല്ലാ വശങ്ങളും എൻഡബ്ല്യുഡിഎ നിരീക്ഷിക്കും. ധനസമാഹരണത്തിന്‍റെ വലിപ്പവും പ്രാധാന്യവും കണക്കിലെടുത്ത് നാഷണൽ ഇന്‍റർലിങ്കിംഗ് ഓഫ് റിവേഴ്‌സ് അതോറിറ്റി (എന്‍ഐആര്‍എ) സ്ഥാപിക്കാൻ ജൽ ശക്തി മന്ത്രാലയം തീരുമാനിക്കുകയും, 2019 ഒക്ടോബറിൽ എൻഡബ്ല്യുഡിഎ ഇത് സംബന്ധിച്ച കരട് ബിൽ ജൽ ശക്തി മന്ത്രാലയത്തിന് അയക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയാൽ അതോറിറ്റി നിലവില്‍ വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഗോദാവരി -കാവേരി നദീസംയോജന പദ്ധതിയില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർക്കാര്‍ സമഗ്ര ബദൽ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെലങ്കാന, ഒഡീഷ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങൾ ഇതുവരെ യോജിപ്പ് അറിയിച്ചിട്ടില്ല. മഹാനദിയിൽ നിന്ന് വെള്ളം വഴിതിരിച്ചുവിടുന്നതിലെ കാലതാമസം കാരണം, തെലങ്കാനയിലെ ജനപേട്ടയില്‍ മറ്റൊരു പദ്ധതി നിർമിക്കാനും, 247 ടിഎംസി വെള്ളം കാവേരിയിലേക്ക് തിരിച്ചുവിടാനും എൻഡബ്ല്യുഡിഎ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരേ സംസ്ഥാനത്ത് രണ്ട് നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കർണാടക മുന്നോട്ടുവച്ച നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് എൻഡബ്ല്യുഡിഎ തയ്യാറാക്കിയിട്ടുണ്ട്. റൈച്ചൂർ ജില്ലയിലെ ജലസേചനത്തിനു ഉപകരിക്കത്തക്കവണം തുംഗഭദ്ര പദ്ധതിയിലേക്ക് വെള്ളം തിരിച്ചുവിടുന്നത് മുന്നില്‍കണ്ട് കൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ബെഡ്ഡി-വർധ സംയോജനത്തിന്‍റെ ഭാഗമായി പട്ടനടഹള്ളി, ശാലമലഹള്ളി എന്നിവിടങ്ങളിൽ രണ്ട് അണക്കെട്ടുകൾ നിർമ്മിച്ച് ഒൻപത് ടിഎംസി വെള്ളം തുങ്കഭദ്ര പദ്ധതിയിലേക്ക് തിരിച്ചുവിടാനാണ് പദ്ധതി. ഗോദാവരി നദിക്ക് കുറുകെ ഒരു പദ്ധതി മഹാരാഷ്ട്രയും നിർദ്ദേശിച്ചിട്ടുണ്ട്.