ചെന്നൈ: ഇലമ്പരുധി തൂത്തുക്കുടി കലാപ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് അരുണ ജഗദീശന്‍റെ നേതൃത്വത്തിലുള്ള കമ്മിഷന് മുന്നിൽ രജനികാന്തിന്‍റെ അഭിഭാഷകൻ ഹാജരായി. കമ്മിഷന്‍റെ ചോദ്യങ്ങൾക്ക് രജനികാന്ത് രേഖാമൂലം മറുപടി നൽകണം. മറുപടി നൽകിയില്ലെങ്കില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് കമ്മിഷൻ അറിയിച്ചു. തൂത്തുക്കുടി വെടിവയ്‌പ് കേസിൽ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്നാണ് രജനികാന്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
കമ്മിഷൻ ചോദ്യാവലി അയച്ചാൽ സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് താരം അറിയിച്ചിരുന്നു. രജനികാന്തിനോട് നേരിട്ട് ഹാജരാകാനായിരുന്നു ആദ്യം കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരാധകർ ഏറെയുള്ളതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിക്കണമെന്നും രജനികാന്ത് കമ്മിഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. രജനീകാന്തിന്‍റെ വിവാദ പരാമർശം ധാരാളം വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും താരം തന്‍റെ നിലപാടിൽ ഉറച്ചു നില്‍ക്കുകയായിരുന്നു. 2018 മേയ് 22ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്‍റിനെതിരെ സമരം നടത്തിയവർക്കു നേരേ തമിഴ്‌നാട് പൊലീസും പാരാമിലിറ്ററി ഫോഴ്‌സും നടത്തിയ വെടിവപ്പില്‍ 13 പേർ മരിച്ചിരുന്നു. പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ചാണ് രജനീകാന്ത് പരാമര്‍ശം നടത്തിയത്.