ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബിന് രൂപം നൽകി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായ ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ് ഫിറ്റ്നസിന്‍റെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളിൽ യുവാക്കളിലൂടെ അവബോധം ഉണ്ടാക്കാൻ ഉതകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകൾ ഫിറ്റ്നസും സന്നദ്ധപ്രവർത്തനവും സവിശേഷമായ രീതിയിലാണ് കൊണ്ടുവരുന്നത്.
നെഹ്‌റു യുവ കേന്ദ്ര സംഗതൻ, നാഷ്‌ണൽ സർവീസ് സ്‌കീം, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എൻസിസി, മറ്റ് യുവ സംഘടനകളിലെ 75 ലക്ഷം പേരോളം ഫിറ്റ് ഇന്ത്യ യൂത്ത് ആയി രജിസ്റ്റർ ചെയ്യും. രാജ്യത്തെ എല്ലാ ബ്ലോക്കുകളിലെയും ക്ലബ്ബുകൾ വഴി ഒരു ജില്ലാ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ദൈനംദിന ദിനചര്യയിൽ 30 മുതൽ 60 മിനിറ്റ് വരെ ഫിറ്റ്നസ് പ്രവർത്തനങ്ങൾ നടത്താൻ കമ്മ്യൂണിറ്റിയിലെ ആളുകളെ പ്രേരിപ്പിക്കുകയാണ് ഈ ക്ലബിലൂടെ ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ ഓരോ പാദത്തിലും കമ്മ്യൂണിറ്റി ഫിറ്റ്നസ് പ്രോഗ്രാം സംഘടിപ്പിക്കാൻ ക്ലബ്ബുകൾ സ്‌കൂളുകളെയും തദ്ദേശസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കും. ആരോഗ്യമുള്ള പൗരന് മാത്രമേ രാജ്യത്തിനായി സംഭാവനകൾ നൽകാൻ സാധിക്കുകയുള്ളുവെന്നും 1.3 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് 75 ലക്ഷം യുവ സന്നദ്ധ പ്രവർത്തകരാണ് ഉള്ളതെന്നും ഇത് ഒരു കോടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു കോടി സന്നദ്ധ പ്രവർത്തകർക്ക് 30 കോടി ജനങ്ങളെ ഫിറ്റ്നസിനെപ്പറ്റി ബോധവാന്മാരാക്കാൻ സാധിക്കുമെന്നും കൂടുതൽ ആളുകൾ കൂടി പദ്ധതിയുടെ ഭാഗമാകുന്നതോടെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഫിറ്റ്നസ് ഉള്ളവരാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് മുതൽ ഒക്ടോബർ 2 വരെയുള്ള ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ജനപ്രിയമാക്കുക എന്നതാണ് ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകൾ ഏറ്റെടുക്കുന്ന ആദ്യത്തെ പദ്ധതികളിൽ ഒന്നെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ് ഇന്ത്യ പദ്ധതി അടുത്ത വർഷം ഓഗസ്റ്റ് 29ന് പൂർത്തിയാകും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതാണ് പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.