താപ്പൽ: ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാ സഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറിയാണ് പൂജ പാണ്ഡേ. ഉത്തര്‍പ്രദേശിലെ താപ്പലില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്. അന്നേദിവസം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ഗോഡ്‌സെ പ്രതിമയില്‍ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ അതോടൊപ്പം ഹിന്ദുമഹാസഭ ഇനി മുതല്‍ ഈ ദിനം ആഘോഷിക്കുന്നത് ഗാന്ധിവധം പുനരാവിഷ്‌കരിച്ചുകൊണ്ടായിരിക്കുമെന്ന് പൂജ പാണ്ഡെ പറഞ്ഞിരുന്നു.
ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് കഴിഞ്ഞ ദിവസം പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന് ശേഷം ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും പിന്നാലെ മധുരം പങ്കിടുകയും ചെയ്തിരുന്നു.