റായ്പൂർ: സിആർപിസി സെക്ഷൻ 144 പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അടുത്ത മൂന്ന് മാസത്തേക്ക് നീട്ടിയതായി ഛത്തീസ്‌ഗഢ് സർക്കാർ. ഞായറാഴ്ച വൈകുന്നേരമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 28 ജില്ലകളിലെയും കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം സ്ഥിതിഗതികൾ ഇനിയും പൂർണ നിയന്ത്രണത്തിലായിട്ടില്ലെന്നും കൊവിഡ് പലയിടത്തും പടരാൻ സാധ്യതയുണ്ടെന്നും വിജ്ഞാപനം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മെയ് 31 വരെ സംസ്ഥാനത്ത് റെസ്റ്റോറന്‍റുകൾ, ഹോട്ടൽ ബാറുകൾ, ക്ലബ്ബുകൾ എന്നിവ അടച്ചിടുമെന്നും തുടർന്നുള്ള ഉത്തരവുകൾ വരുന്നതുവരെ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
വിജ്ഞാപനം പുറത്തിറങ്ങിയ ഉടൻ തന്നെ റായ്പൂർ കലക്ടർ എസ്. ഭാരതി ദാസൻ ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർപിസി) സെക്ഷൻ 144 ഓഗസ്റ്റ് 16 വരെ പ്രാബല്യത്തിൽ തുടരുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നിരോധന ഉത്തരവുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് 25 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണം 92 ആയി. സംസ്ഥാനത്ത് 33 സജീവ കേസുകളാണുള്ളത്. 59 പേരെ ഡിസ്ചാർജ് ചെയ്തു.