കൊൽക്കത്ത: സംസ്ഥാനത്ത് ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷവും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ മെയ് 21 വരെ നിയന്ത്രണമേർപ്പടുത്തുമെന്നും എന്നാൽ ഇത് ലോക്ക് ഡൗൺ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് സോണുകളിലും ഓറഞ്ച് സോണുകളിലും ഉള്ള പ്രവർത്തനങ്ങൾക്ക് ആവശ്യാനുസരണം പരിമിതികൾ കൊണ്ടുവരികയും ഗ്രീൻ സോണുകളിൽ ഇളവ് നൽകുകയും ചെയ്യും. ലോക്ക് ഡൗൺ മെയ് മൂന്ന് കഴിഞ്ഞും നടപ്പിലാക്കണമോ എന്നതിൽ കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഓറഞ്ച് സോണുകളിൽ കൊവിഡ് കേസുകൾ കുറഞ്ഞാൽ അവ ഗ്രീൻ സോണുകളാക്കി നിയന്ത്രണം ഒഴിവാക്കും. അതേ സമയം, ഗ്രീൻ സോണുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്‌താൽ അവ ഓറഞ്ചാ സോണുകളാക്കുമെന്നും മമതാ ബാനർജി വിശദമാക്കി. ധനകാര്യ - വ്യവസായ മന്ത്രി അമിത് മിത്രയുടെ അധ്യക്ഷതയിൽ കൊവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഒരു മന്ത്രിസഭാ സമിതി രൂപീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി പാർത്ത ചാറ്റർജി, നഗരവികസന മന്ത്രി ഫിർഹാദ് ഹക്കീം, ആരോഗ്യ സഹമന്ത്രി ചന്ദ്രീമ ഭട്ടാചാര്യ എന്നിവർ സമിതിയിൽ അംഗമാകും. മിത്രയും പാർത്താ ചാറ്റർജിയും വീട്ടിലിരുന്ന് പ്രവർത്തിക്കും. ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളിൽ ഉൾപ്പെടും. ഗ്രീൻ സോണിലുള്ള ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ചർച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യവസ്‌തുക്കൾ വീടുകളിൽ എത്തിച്ച് വിൽപന നടത്തിയിരുന്ന കമ്പനികൾക്ക് അത്യാവശ്യവിഭാഗങ്ങളിൽ ഉൾപ്പെടാത്ത ഉൽപന്നങ്ങളും ഈ മേഖലയിൽ കച്ചവടം ചെയ്യാൻ അനുവദിക്കും. ദോഷകരമല്ലാതെ പരമാവധി ഇളവ് നൽകി പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ലോക്ക് ഡൗണിന് ശേഷവും അന്താരാഷ്ട്ര അതിർത്തികൾ അടച്ചിട്ടുകൊണ്ട് ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളും അത്യാഹിതമല്ലാത്ത ട്രെയിൻ, ബസ് സർവീസുകളും നിർത്തിവക്കണമെന്നുള്ള ആവശ്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു.