ജമ്മു: കശ്‌മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്‍റെ പുതിയ കശ്‌മീര്‍ നയത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രദേശവാസികള്‍ ഐക്യരാഷ്ട്രസഭയുടെ സൈന്യത്തിന്‍റെ നിരീക്ഷണ ക്യാമ്പിലേക്ക് മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഇതേ തുടര്‍ന്ന് ശ്രീനഗര്‍ പട്ടണത്തിലും സമീപ താഴ്വരകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ് . ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഭൂരിഭാഗം മേഖലകളിലും ഇന്‍റര്‍നെറ്റും ഫോണ്‍ കണക്ഷനും വിച്ഛേദിച്ചു. മാര്‍ച്ച് തടയുന്നതിനായി ഐക്യരാഷ്‌ട്രസഭയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ ചൗക്ക്, സോനവാര്‍ എന്നിവിടങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദാല്‍ തടാകത്തിലേക്കും സോനവാറിലേക്കുമുള്ള യാത്ര പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാരെപ്പോലും പ്രദേശത്തേക്ക് കടത്തിവിടുന്നില്ല. മാര്‍ച്ച് ഉണ്ടായല്‍ തടയുന്നതിനായി പ്രദേശത്ത് സൈനികരെ വിന്യസിച്ചിട്ടുണ്ട്.