പനാജി: ഇറ്റലിയിൽ നിന്നുള്ള 168 ഗോവൻ നാവികരുമായി പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോസ്റ്റാ ക്രൂസ് കമ്പനിയിൽ ജോലി ചെയ്യുന്ന 414 ഗോവക്കാരെ തിരികെ എത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയായിരുന്നു.
168 ഗോവൻ നാവികര്‍ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായും ഇവര്‍ എല്ലാവരും കൃത്യമായ സാമൂഹിക അകലവും പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഇവരുടെ പരിശോധന നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഗോവ എയർപോർട്ട് ഡയറക്ടർ ഗഗൻ മാലിക് പറഞ്ഞു.
ഡോക്ടർമാരും പാരാമെഡിക്സ് സ്റ്റാഫും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും 169 യാത്രക്കാരുമായി മറ്റൊരു വിമാനം ഇറ്റലിയിൽ നിന്ന് എത്താനുണ്ടെന്നും, അവർ വരുന്നതിനുമുമ്പ് എയർപോർട്ട് ശുചീകരിക്കണമെന്നും എത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം ക്രമീകരിക്കണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാരെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി ഉടൻ തന്നെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്ന് ഗഗൻ മാലിക് അറിയിച്ചു.