ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ക്ഷേത്ര നിർമാണം നടത്തുന്നതിനെതിരെ പ്രതികരിച്ച ശരത് പവാറിന് മറുപടിയുമായി വിഎച്ച്പി രംഗത്ത്. ആരോഗ്യ പ്രതിസന്ധിക്കിടയിലും ചില പ്രവർത്തനങ്ങൾ മാറ്റിവെയ്ക്കാൻ കഴിയില്ലെന്നായിരുന്നു വിഎച്ച്പിയുടെ മറുപടി.
സാമൂഹികവും മതപരവും ആത്മീയവുമായ എല്ലാ പ്രവർത്തനങ്ങളും തുടരണം. ശ്രീരാമന്‍റെ ജന്മഭൂമിയിലെ ക്ഷേത്ര നിർമാണം നിർത്തിവെക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ സന്ദർശിച്ച് ഭൂമി പൂജ നടത്തി ക്ഷേത്ര നിർമാണം ആരംഭിക്കണമെന്നും വിഎച്ച്പി ഇന്‍റർനാഷണൽ വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു. ആരോഗ്യ പ്രതിസന്ധി കുറച്ചുകാലം തുടരും. അതിനാൽ മറ്റ് ജോലികൾ മാറ്റിവയ്ക്കാനാവില്ല. രാജ്യത്തെയും ജീവിതത്തെയും അനിശ്ചിതകാലത്തേക്ക് നിർത്താൻ കഴിയില്ലെന്നും കുമാർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഏത് കാര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് നമ്മൾ ആലോചിക്കണമെന്നും ഈ സമയം കൊവിഡിനാണ് മുൻഗണന നൽകേണ്ടതെന്നും ക്ഷേത്രം പണിതാൽ കൊവിഡ് ഇല്ലാതാകുമെന്നാണ് ചിലർ ചിന്തിക്കുന്നതെന്നും കഴിഞ്ഞ ദിവസം ശരത് പവാർ പറഞ്ഞിരുന്നു. പവാറിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമാണത്തിന്‍റെ തീയതി തീരുമാനിക്കാൻ ശനിയാഴ്‌ച ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തുടങ്ങേണ്ട നിർമാണം കൊവിഡിനെ തുടർന്ന് നീക്കിവെക്കുകയായിരുന്നു.