ന്യൂഡൽഹി: രാജസ്ഥാൻ വിമത കോൺഗ്രസ് എംഎൽഎമാരിൽ ചിലർ പാർട്ടിയുടെ മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തതായി റിപ്പോർട്ട്. ഏതാനും വിമത രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാർ പാർട്ടിയെ സമീപിച്ചിട്ടുണ്ട്. അവരിൽ ചിലർ മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും ക്ഷമാപണം നടത്തിയതായും പാർട്ടി അറിയിച്ചു. ഉന്നത നേതൃത്വത്തെ കാണാനും പരാതികൾ പ്രകടിപ്പിക്കാനും അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
വിമത കോൺഗ്രസ് എംഎൽഎമാരും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഹരിയാന ഹോട്ടലിൽ താമസിക്കുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ സച്ചിൻ പൈലറ്റിനും മറ്റ് വിമത എംഎൽഎകൾക്കുമെതിരെ നടപടിയെടുക്കാൻ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വൃത്തങ്ങൾ അറിയിച്ചിരുന്നു. സിഎൽപി യോഗത്തിൽ സംസ്ഥാന കോൺഗ്രസിന്‍റെ ചുമതലയുള്ള അവിനാശ് പാണ്ഡെ കോൺഗ്രസ് എംഎൽഎമാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അറിയിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്നും പാർട്ടി ഹൈക്കമാന്‍ഡ് നിർദേശങ്ങൾ പാലിക്കുമെന്നും പാണ്ഡെ പറഞ്ഞു.
ജയ്‌സാൽമീറിലെ സൂര്യഗഡിൽ നടന്ന സിഎൽപി യോഗത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷത വഹിച്ചു. രാജസ്ഥാൻ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും. ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ജൂലൈ 14ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടിയുടെ സംസ്ഥാന മേധാവി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഗെലോട്ട് സർക്കാരിനെ താഴെയിറക്കാൻ ബിജെപി കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.