കൈതാല്‍: റഫേല്‍ യുദ്ധവിമാനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധ പൂജ നടത്തിയതിനെ കോണ്‍ഗ്രസ് മോശമായി ചിത്രീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. ഹരിയാനായിലെ കൈതാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെയും അമിത് ഷാ അഭിനന്ദിച്ചു.
ആർട്ടിക്കിൾ 320 റദ്ദാക്കിയതിനെ എതിർക്കുന്നോ അനുകൂലിക്കുന്നോ എന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയുമായി ബന്ധപെട്ട കശ്മീർ വിഷയത്തില്‍ കോണ്‍ഗ്രസ് പാർലമെന്‍റില്‍ എതിർത്ത് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ മാസം 21-ന് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് മൂന്ന് പൊതുയോഗങ്ങളിലാണ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുക.