ഷില്ലോങ്: മേഘാലയയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റില്‍. 28കാരനായ പ്രതിയെ അറസ്റ്റ് ചെയ്‌തതായി വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലാ പൊലീസ് അറിയിച്ചു. 15 വയസുകാരിയായ അനന്തരവളെ പ്രതി ലുംഷ്നോങിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം ജൂൺ അഞ്ചിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയെ തൊട്ടടുത്ത ദിവസം കണ്ടെത്തുകയും പ്രതിയെ ലുംഷ്നോങിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ചോദ്യം ചെയ്യലില്‍ വളരെ അടുപ്പമുള്ള കുടുംബങ്ങളിലെ നാല് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി.
തുടര്‍ന്ന് ഇയാൾക്കെതിരെ അഞ്ച് കേസുകൾ പൊലീസ് രജിസ്റ്റര്‍ ചെയ്‌തു. പെൺകുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയെന്നും ഇവര്‍ക്ക് ശാരീരികവും മാനസികവുമായ സഹായം നല്‍കുന്നതിനായി ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.