മുംബൈ: മഹാരാഷ്‌ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസിലെ പ്രതിക്ക് സാമൂഹ്യ സേവനം ചെയ്യാൻ ശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ 10,000 രൂപ പിഴയും ചുമത്തി. ഭിവണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് എച്ച്.വൈ കവാലെയാണ് പതിമൂന്നുകാരനായ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും പിഴ മാത്രം ചുമത്തിയാൽ മാത്രം പോരെന്നും കോടതി കണ്ടെത്തി. അതിനാലാണ് സമൂഹത്തോടുള്ള തന്‍റെ ഉത്തരവാദിത്തവും കടമകളും മനസിലാക്കാൻ പ്രതി സാമൂഹ്യ സേവനം ചെയ്യണമെന്ന് ഉത്തരവിട്ടതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
പോക്‌സോ നിയമപ്രകാരമെടുത്ത കേസില്‍ ഐപിസി സെക്ഷൻ 302 (കൊലപാതകം), 376 (ബലാത്സംഗം), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ) എന്നീ കുറ്റങ്ങളും പ്രതിയുടെ മേല്‍ ചുമത്തിയിരുന്നു. 2019 ഒക്ടോബർ 28നാണ് ഭിവണ്ടി പട്ടണത്തിലെ സരാവലി ഗ്രാമത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് ഗ്രാമത്തിനടുത്തുള്ള പൈപ്പ്ലൈനിന് സമീപത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെൺകുട്ടിയുടെ ബന്ധു കൂടിയായ പതിമൂന്നുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിടികൂടി 50 ദിവസത്തിനകം പൊലീസ് ജുവനൈൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്‌കുമാർ ഷിൻഡെ പറഞ്ഞു.