ഹൈദരാബാദ്: സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊവിഡ് വ്യാപനം കുറയ്‌ക്കുമെന്ന പ്രത്യാശയുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ബുധനാഴ്‌ച സംസ്ഥാനത്ത് 15 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചതെന്നും വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്നും ബുധനാഴ്‌ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത സൂര്യാപേട്ട്, ഗഡ്‌വാള്‍, വികരാബാദ് ജില്ലകളില്‍ ചീഫ് സെക്രട്ടറി സോമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഡി.ജി.പി മഹേന്ദര്‍ റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. സംഘം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്‌ച രാത്രി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും എത്താനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ യഥാക്രമം കണ്ടെത്തുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് വ്യാപനം വിജയകരമായി നിയന്ത്രിക്കാന്‍ ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടരണമെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.