അയോധ്യ: നിർദ്ദിഷ്ട രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 41 കോടി രൂപ. പർമാർത്ത് നികേതനിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി, ജുന അഖാദയിലെ സ്വാമി അവദേശാനന്ദ് ഗിരി, ബാബാ രാംദേവ്, ബുധനാഴ്ച അയോധ്യയിൽ ഉണ്ടായിരുന്ന മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുൾപ്പെടെയുള്ള മതനേതാക്കൾ നൽകിയ സംഭാവനകൾ ഇതിൽ ഉൾപ്പെടില്ല.
ചൊവ്വാഴ്ച ലോഗ്ബുക്ക് അവസാനമായി പരിശോധിച്ചപ്പോൾ ട്രസ്റ്റിന് ലഭിച്ച ആകെ സംഭാവന 30 കോടി രൂപയായിരുന്നു. 11 കോടി രൂപ മൊറാരി ബാബു സംഭാവന ചെയ്ത തുകയാണ്, ഇത് രണ്ടും കൂട്ടിയാണ് 41 കോടി രൂപ സംഭാവന ലഭിച്ചതെന്ന് ട്രസ്റ്റിന്‍റെ ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ബുധനാഴ്ച ലഭിച്ച സംഭാവനകൾ ഈ തുകയിൽ ഉൾപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് പോലും ആളുകൾ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിനായി സംഭാവന നൽകുന്നുണ്ടെന്ന് സ്വാമിമാർ പറയുന്നു. ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ ട്രസ്റ്റിന്‍റെ രണ്ട് ഔദ്യോഗിക അക്കൗണ്ടുകളിലായി 4.60 കോടി രൂപ സംഭാവന ലഭിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം രാം നവാമിയിൽ ട്രസ്റ്റ് നെറ്റ് ബാങ്കിങ് ഏർപ്പെടുത്തിയത് മുതൽ ക്ഷേത്രത്തിനായി ഓൺലൈൻ സംഭാവനകളും ലഭിച്ച് തുടങ്ങി. അയ്യായിരത്തിലധികം ആളുകൾ ഈ ഓപ്ഷൻ ഉപയോഗിച്ചതായി വൃത്തങ്ങൾ അറിയിച്ചു. “11 രൂപ മുതൽ ഇത്തരത്തിൽ ലഭിച്ചു എന്നാണ് കണക്ക്. വലിയ തുകകൾ ചെക്കുകൾ വഴിയോ ഇ-ബാങ്കിംഗ് വഴിയോ ആണ് ലഭിക്കുന്നതെന്നും ട്രസ്റ്റ് അംഗം പറഞ്ഞു.
വിദേശത്തുനിന്നുള്ള സംഭാവനകൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ട്രഷറർ പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമ സർട്ടിഫിക്കേഷൻ ലഭിക്കുന്നതുവരെ എൻആർഐകളിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയില്ലെന്നും ഇത് ലഭിച്ച് കഴിഞ്ഞാൽ ട്രസ്റ്റിന് അഞ്ച് മുതൽ ഏഴ് കോടി രൂപയുടെ സംഭാവന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതവിഭാഗങ്ങളിൽ നിന്നുള്ള സംഭാവന സ്വീകരിക്കുന്നതിൽ തങ്ങൾക്ക് വിമുഖതയില്ലെന്നും ട്രസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.