ന്യൂഡൽഹി: കര്‍ഷക സമരം സഭ നിറുത്തി വെച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ ബഹളത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ. ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ എതിര്‍പ്പുകൾ ഉന്നയിക്കാമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യനായിഡു പറഞ്ഞു.
രാജ്യസഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ചട്ടം 267 പ്രകാരം സഭാനടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അധ്യക്ഷൻ തള്ളി. ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് സഭ വീണ്ടും സമ്മേളിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു.
വിഷയം നാളെ ചർച്ച ചെയ്യാമെന്ന് വെങ്കയ്യനായിഡു അറിയിച്ചെങ്കിലും പ്രതിക്ഷ അംഗങ്ങൾ ഇത് നിരസിക്കുകയായിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ കഴിയാതെ പാർലമെന്‍റ് ചേരുന്നതിന്‍റെ പ്രയോജനം എന്താണെന്ന് ആം ആദ്മി പാർട്ടി എംഎപി സഞ്ജയ് സിംഗ് ചോദിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത മുൻ സൈനികരും കർഷകരും ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി ആം ആദ്മി പാർട്ടി എംഎപി ആരോപിച്ചു.