രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ വിവാദമായ രണ്ടു ബില്ലുകൾ മോദി സർക്കാരിന് പാസാക്കാനായില്ല. ലോക്സഭയില്‍ പാസായ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലുമാണ് രാജ്യസഭയില്‍ പാസാകാതെ പോയത്.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് സാധിച്ചില്ല. എസ്.പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എം.പിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്നാണ് സര്‍ക്കാരിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നത്.
മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നുവർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുസ്ലിം വനിത വിവാഹാവകാശ സരക്ഷണ ബിൽ-2017. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ബില്ലിൽ പറയുന്നു.