ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരരിവാളന്‍റെ പരോൾ കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി 30 ദിവസത്തേയ്ക്ക് കൂടി പരോൾ നീട്ടണമെന്ന് അഭ്യർഥിച്ച് അമ്മ അര്‍പ്പുതമ്മാള്‍ സമര്‍പ്പിച്ച ഹര്‍ജിലാണ് മദ്രാസ് ഹൈക്കോടതി 14 ദിവസത്തേക്ക് പരോൾ നീട്ടിയത്.
പുഴൽ ജയിലിലെ അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും പേരരിവാളന്‍റെ ആരോഗ്യസ്ഥിതിയും പരാമർശിച്ച് 90 ദിവസത്തെ പരോളിനായി നേരത്തെ അർപ്പുതമ്മാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി 30 ദിവസത്തേക്കായിരുന്നു പരോൾ അനുവദിച്ചത്. ഇതിന്‍റെ കാലാവധി ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് വൃക്ക സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്കായി പരോൾ നീട്ടി നൽകിയിരിക്കുന്നത്. പേരരിവാളന്‍റെ അമ്മയും അഭിഭാഷകൻ ശരവണനും കോടതിക്ക് മുമ്പിൽ സമർപ്പിച്ച അപേക്ഷ, ജഡ്ജിമാരായ സുന്ദരേഷും കൃഷ്ണകുമാറും കഴിഞ്ഞ ദിവസം പരിഗണിക്കുകയും ഈ മാസം 23 വരെ പരോൾ നൽകുകയുമായിരുന്നു.