ജയ്പൂർ: വ്യാഴാഴ്ച ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആയി. 66 കൊവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4394 ആയി. സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്നാണ് 66 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
ഉദയ്പൂരിൽ(20), നാഗൗർ(10), ജയ്പൂർ(13), ജോധ്പൂർ(7), സിക്കാർ(3), അജ്മീർ, ജലൂർ(രണ്ട് വീതം), കോട്ട, അൽവാർ, കരൗലി(ഓരോ കേസുകൾ വീതം) എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 4,394 വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്ത 177 കുടിയേറ്റക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 2,575 ആളുകൾക്ക് രോഗം ഭേദമായി. ഇതിൽ 2346 പേർ ആശുപത്രി വിട്ടു.
സംസ്ഥാനത്ത് ആകെ 1,697 സജീവ കേസുകളാണ് ഉള്ളത്. രാജസ്ഥാനിലെ ആകെ കൊവിഡ് കേസുകളിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഇറാനിൽ നിന്ന് ജോധ്പൂരിലെയും ജയ്സാൽമീറിലെയും കരസേന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന 61 പേരും ഡൽഹിയിൽ നിന്ന് കൊണ്ട് വന്ന 43 ബിഎസ്എഫ് ജവാൻമാരും ഉൾപ്പെടുന്നു.
മാർച്ച് 22 മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിലുണ്ട്. വൈറസ് ബാധിച്ചവരെ കണ്ടെത്താൻ സംസ്ഥാനത്ത് ഉടനീളം വിപുലമായ സർവേയും സ്ക്രീനിംഗും നടക്കുന്നുണ്ട്.