ന്യൂഡൽഹി: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. നിയമസഭാ സമ്മേളനം വിളിക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിന് ഗവർണർ നൽകിയ മറുപടിയെ തുടർന്നാണ് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ഗവർണറുടെ മറുപടി ദുർബലവും നിസാരവും സമയം നീട്ടികൊണ്ടു പോകാനായുള്ള ദു:ഖകരവുമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് എംപി അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന അദ്ദേഹം ഗവർണർ പദത്തിന്‍റെ അന്തസിനെ കളങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അശോക് ഗെലോട്ട് സർക്കാരിന്‍റെ ഭൂരിപക്ഷം തെളിയിക്കാനായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന അഭ്യർഥന തുടർച്ചയായി ഗവർണർ തുടർച്ചയായി അവഗണിക്കുകയായിരുന്നു.
രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ രാജസ്ഥാനിലെ പ്രതിപക്ഷവും കേന്ദ്ര സർക്കാരും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിലൂടെ അവർ കൂടുതൽ മുൻഗണന നൽകുന്നത് ഏത് കാര്യത്തിലാണെന്ന് വ്യക്തമാണെന്നും സിങ്‌വി പറഞ്ഞു. ഫ്ലോർ ടെസ്റ്റ് വൈകിപ്പിക്കുന്ന ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ് ആരോപണങ്ങളുമായി രംഗത്തുണ്ട്.