ജോധ്‌പൂർ: രാജസ്ഥാനിലെ ജോധ്‌പൂരില്‍ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം. ബല്‍ദേവ് നഗർ സ്വദേശിയായ മുകേഷ് കുമാർ പ്രജാപതിനാണ് മർദനമേറ്റത്. പൊലീസ് ഇയാളുടെ കഴുത്തില്‍ മുട്ടമർത്തി ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അമേരിക്കയില്‍ ജോർജ് ഫ്ലോയിഡിന്‍റെ മരണം ലോകമാതെ കത്തിപടരുമ്പോഴാണ് സമാനമായ പൊലീസ് പീഡനദൃശ്യങ്ങൾ ജോധ്‌പൂരില്‍ നിന്നും പുറത്തുവരുന്നത്.
മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്‌പൂർ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതില്‍ ഇയാൾ പ്രതിഷേധിച്ചതോടെയായിരുന്നു പൊലീസ് മർദനം. യുവാവ് തിരിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുവാവ് പൊലീസിനെ ആക്രമിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് കീഴ്‌പ്പെടുത്തിയതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.