ജയ്പൂർ: ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് അജ്മീർ ജില്ലയിൽ നിന്നുള്ള വ്യവസായിയും ബിജെപി നേതാവുമായ ഭാരത് മലാനി ഉൾപ്പെടെ രണ്ട് പേരെ രാജസ്ഥാൻ പൊലീസിന്‍റെ പ്രത്യേക ഓപ്പറേഷൻ സംഘം കസ്റ്റഡിയിലെടുത്തു. ഉദയ്പൂരിൽ നിന്നുള്ള അശോക് സിംഗ് ചൗഹാനാണ് കസ്റ്റഡിയിലെടുത്ത മറ്റൊരാൾ. ഇരുവരേയും ജയ്പൂരിലേക്ക് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യും.
രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതായി എസ്ഒജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃത ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എസ്‌ഒജി രണ്ട് ഫോൺ നമ്പറുകൾ നിരീക്ഷണത്തിലാക്കിയിരുന്നു. രണ്ട് നമ്പറുകളും തമ്മിലുള്ള സംഭാഷണമനുസരിച്ച്, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നതായാണ് റിപ്പോർട്ട്. ഫോൺ സംഭാഷണങ്ങളിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും എംഎൽഎമാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിഘടനത്തെക്കുറിച്ചും ചർച്ച നടന്നിരുന്നു.
തുടർ അന്വേഷണത്തിൽ ഇരു ഫോൺ നമ്പറുകളുടെയും ഉടമകളായ ഉദയ്പൂരിൽ നിന്നുള്ള അശോക് സിംഗ് ചൗഹാൻ, ബിവാർ നിവാസിയായ ഭാരത് മലാനി എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിവാറിലെ അജ്മീർ റോഡ് പ്രദേശത്ത് താമസിക്കുന്ന മലാനി ബിജെപിയുടെ ഭാഗമാണെന്നും പാർട്ടിയുടെ ടിക്കറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിഞ്ഞ തവണ ശ്രമിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിജെപിയുടെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെല്ലിലും ചെറുകിട വ്യവസായ വ്യാപാരികളുടെ സംഘടനയിലും അദ്ദേഹം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അതേസമയം, കുടുംബത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും പിതാവിനെതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും അശോക് സിംഗ് ചൗഹാന്‍റെ മകൻ പറഞ്ഞു.