ജയ്പൂർ: അശോക് ഗെലോട്ട് സർക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യത നിലനിൽക്കേ രാജസ്ഥാൻ നിയമസഭ സമ്മേളനം ആരംഭിച്ചു. സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത എംഎൽഎമാരുടെയും പാർട്ടിയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമസഭാ സമ്മേളനം. അതേസമയം, അശോക് ഗെലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ആലോചിക്കുന്ന ബിജെപിയെ ഐക്യത്തോടെ നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അവിശ്വാസ പ്രമേയത്തിലോ സംസ്ഥാന നിയമസഭയിലെ മറ്റേതെങ്കിലും നടപടികളിലോ കോൺഗ്രസിനെതിരെ വോട്ടുചെയ്യാൻ രാജസ്ഥാനിലെ ആറ് എംഎൽഎമാർക്ക് ബഹുജൻ സമാജ് പാർട്ടി രണ്ടാം തവണയും വിപ്പ് നൽകിയിരുന്നു. ബിഎസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് എംഎൽഎമാർക്ക് വിപ്പ് നൽകിയത്. ഉത്തരവ് ലംഘിക്കുകയാണെങ്കിൽ, ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ഖണ്ഡിക 2 (എൽ) (ബി) പ്രകാരം അയോഗ്യത നേരിടേണ്ടിവരുമെന്ന് ബിഎസ്‌പി പത്രക്കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മാസം സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാൽ, കോൺഗ്രസിന്‍റെ ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ പൈലറ്റ് സമ്മതിച്ചതായാണ് റിപ്പോർട്ട്.