ജയ്പൂര്‍: രാജസ്ഥാനില്‍ കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി മര്‍ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തെന്ന് പരാതി. മൂന്ന് പേരാണ് അറസ്റ്റിലായത്. രാജ്‌സമദ് ജില്ലയിലാണ് സംഭവം. ഭിഖ്‌നാഥ്, പ്രേംനാഥ്, പ്രഭുനാഥ് എന്നിവരാണ് പ്രതികള്‍. ദിലീപ് നാഥ് എന്ന യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോവുകയും മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ മുമ്പ് കാമുകിക്കൊപ്പം ഒളിച്ചോടി മറ്റൊരു ബന്ധുവിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു ദിലീപ്. ഹോളിയുടെ തലേന്നാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.
മകനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന് ആരോപിച്ച് ദിലീപിന്‍റെ അമ്മ മാർച്ച് 14ന് അമേഠ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. അതേസമയം പെണ്‍കുട്ടി യുവാവിനെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടുണ്ട്. ദിലീപ് ഒളിവിലാണെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.