കൊൽക്കത്ത: ശ്രമിക് ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ശ്രമിക് ട്രെയിനുകൾ കൊവിഡ് ട്രെയിനുകളായി മാറിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
“നിയമം എല്ലാവർക്കും തുല്യമാണ്, എന്തുകൊണ്ടാണ് ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കാത്തത്? ഹോട്ട് സ്പോട്ടുകളിൽ നിന്നും വലിയ തോതിൽ ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. എന്നിട്ടും സാമൂഹിക അകലം നിഷേധിക്കപ്പെടുന്നു. എങ്കിൽ എന്തുകൊണ്ട് അധിക ട്രെയിൻ ഓടുന്നില്ല? യാത്രക്കാർക്ക് ട്രെയിനുകളിൽ വെള്ളവും ഭക്ഷണവും നൽകുന്നില്ല, ഞാൻ ഒരിക്കൽ റെയിൽവേ മന്ത്രിയായിരുന്നു. ഞാൻ അന്ന് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. ഇപ്പോൾ എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല? ” ബാനർജി ചോദിച്ചു.
അതേസമയം സംസ്ഥാന സർക്കാരിന്‍റെ തൊഴിൽ ശേഷി 50 ശതമാനത്തിൽ നിന്നും 70 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. “സ്വകാര്യമേഖലയിൽ, എല്ലാവരോടും സുരക്ഷിതരായി കഴിയുന്നത്ര വീടിനകത്ത് തുടരാനും, കഴിവിന്‍റെ പരമാവധി പ്രവർത്തിക്കാനും ഞാൻ അഭ്യർഥിക്കുന്നു. തൊഴിൽ ശേഷി തീരുമാനിച്ച് അതനുസരിച്ച് പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്,” മമത കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ലോക്ക് ഡൌൺ തുടരുമെന്നും ജ്യൂട്ട് മില്ലുകളും ടീ ഗാർഡനുകളും 100 ശതമാനം തൊഴിൽ ശേഷിയോടെ പ്രവർത്തിക്കുമെന്നും ബംഗാൾ വിജയകരമായി ഉയർന്നുവരുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.