ന്യൂഡൽഹി: പ്രത്യേക ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ബുധനാഴ്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മെയ് 22 മുതൽ വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ടിക്കറ്റ് നൽകാനും, ഇവരിൽ കൊവിഡ് ലക്ഷണമുള്ളവർക്ക് പൂർണമായ റീഫണ്ട് നൽകാനും വ്യവസ്ഥയുണ്ട്. പ്രത്യേക ട്രെയിനുകളിൽ തത്കാൽ, പ്രീമിയം തത്കാൽ ക്വാട്ട അനുവദിക്കില്ല. എന്നിരുന്നാലും, ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ അതേപടി തുടരും. ട്രെയിൻ പുറപ്പെട്ട് 24 മണിക്കൂറിനുള്ളിൽ 50 ശതമാനം തുക തിരികെ നൽകും. മെയ് 15 മുതൽ ബുക്ക് ചെയ്യുന്ന പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റിനാണ് ഈ വ്യവസ്ഥകൾ നിലനിൽക്കുന്നത്.
കൊവിഡിനെ തുടർന്ന് യാത്ര മുടങ്ങുന്നവർക്ക് യാത്രാ തീയതി മുതൽ 6 മാസം വരെ റീഫണ്ടിനായി ടിക്കറ്റ് സമർപ്പിക്കാം. യാത്രക്കാരെ കടത്തിവിടുന്നതിന് ശതാബ്ദിയും മറ്റ് മെയിൽ എക്സ്പ്രസ് ട്രെയിനുകളും വിന്യസിക്കാനും സാധ്യതയുണ്ട്.