ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ 'രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന' വ്യാഴാഴ്‌ച ആരംഭിക്കും. 19 ലക്ഷം കർഷകർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് ചത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 20 ശതമാനത്തിൽ കൂടുതൽ വരുമാനം നേടാനും കൂടുതൽ കൃഷിചെയ്യാനും കർഷകരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാളെ നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും.
പദ്ധതിയിലൂടെ നെൽകർഷകർക്ക് ഏക്കറിന് 10,000 രൂപ സബ്‌സിഡി നൽകാൻ സാധിക്കും. കരിമ്പ് കർഷകർക്ക് ക്വിന്‍റലിന് 93 രൂപ ലഭിക്കും, ഏക്കറിന് 13,000 രൂപ വരെയാണ് ലഭിക്കുക. സംസ്ഥാനത്ത് 43 ശതമാനം വനഭൂമിയിൽ അഞ്ച് ശതമാനം മാത്രമാണ് കൃഷി ചെയ്യുന്നത്. കർഷകരെ കൂടുതൽ വിളകൾ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കുയും ചെയ്യുന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ സർവേയനുസരിച്ച് ഛത്തീസ്‌ഗഡിൽ 40 ശതമാനം ആളുകൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 41.7 ശതമാനം സ്ത്രീകൾ വിളർച്ചയും, 37.5 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവും നേരിടുന്നു. ഈ പദ്ധതിയിലൂടെ 19 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നാല് തവണകളായി 5,700 കോടി രൂപ എത്തും. കരിമ്പ് വിളയ്ക്ക് ക്വിന്‍റലിന് 93.75 രൂപ വരെ പ്രേത്സാഹനം നൽകും. സംസ്ഥാനത്തെ 34,637 കർഷകർക്ക് നാല് തവണകളായി 73 കോടി 55 ലക്ഷം രൂപ നൽകും. ഈ തുകയുടെ ആദ്യ ഗഡുവായ 18,43 കോടി രൂപ നാളെ കൈമാറും.