ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ അതിജീവനത്തിന്‍റെ കഥ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലെ അതിഥി തൊഴിലാളികളെ കണ്ടതിന്‍റെ വീഡിയോ രാഹുല്‍ ഗാന്ധി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
ഹരിയാനയിലെ ജോലിസ്ഥലത്ത് നിന്ന് സ്വന്തം ഗ്രാമമായ ഉത്തർപ്രദേശിലെ ജാൻസിയിലേക്ക് നൂറുകണക്കിന് കിലോമീറ്റർ കാല്‍നടയായി യാത്ര ചെയ്യുന്ന ഒരു കൂട്ടം അതിഥി തൊഴിലാളികളെ അടുത്തിടെ കണ്ടതായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇവരുടെ ആത്മധൈര്യത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ് രാഹുല്‍ യൂട്യൂബിലൂടെ പങ്കുവെച്ചത്.
മെയ് 16നാണ് സുഖ്ദേവ് വിഹാർ ഫ്ലൈഓവറിനടുത്ത് വെച്ച് ഗ്രാമങ്ങളിലേക്ക് നടക്കുകയായിരുന്ന അതിഥി തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചത്. തുടര്‍ന്ന് ഇവരെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ വേണ്ട വാഹന സൗകര്യങ്ങൾ അദ്ദേഹം ഒരുക്കിക്കൊടുക്കുയും ചെയ്‌തു. രാഹുല്‍ ഗാന്ധിയും അതിഥി തൊഴിലാളികളുമായുള്ള ചിത്രങ്ങൾ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ജനങ്ങളുടെ മേല്‍ കരുതലുള്ള നേതാക്കൾക്ക് മാത്രമേ അവരുടെ വേദന മനസിലാക്കാൻ കഴിയൂവെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കോൺഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.