ഹൈദരാബാദ്: കൊവിഡ് പ്രതിസന്ധിക്കിടയിൽ വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ തെലങ്കാന സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിലകുറഞ്ഞ സാധനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്ന പദ്ധതിയാണ് തട്ടിപ്പുകാർ പുതിയതായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സൈബർ ക്രൈം രച്ചകോണ്ട അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ എസ്. ഹരിനാഥ് പറഞ്ഞു.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തട്ടിപ്പുകാർ ചില വ്യാജ ലിങ്കുകൾ പങ്കിടുന്നു. വിലകൂടിയ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് കാണിച്ച് പണം തട്ടുകയാണ് ഇത്തരക്കാരുടെ ഉദ്ദേശം. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നെറ്റിസൺമാർ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകാർ പലപ്പോഴും പേടിഎം, ഗൂഗിൾ പേ, പാൻ നമ്പർ, മറ്റ് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ചോദിക്കാറുണ്ടെന്നും ഹരിനാഥ് പറഞ്ഞു.
പണം കൊള്ളയടിക്കാൻ പ്രോഗ്രാം ചെയ്തിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യാനും അവർ ആളുകളോട് ആവശ്യപ്പെടുന്നു. ഈ ദിവസങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് ഇത്തരത്തിലാണ്. അതുകൊണ്ട് ആളുകൾ ശ്രദ്ധയോടെ സോഷ്യൽ മീഡിയ പ്രോഫൈലുകൾ കൈകാര്യം ചെയ്യണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.