ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷം സുഗമമായി നടക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി ജമ്മു കശ്‌മീരില്‍ മൊബൈൽ ഫോൺ, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷ വേളകളില്‍ ഐഇഡി സ്ഫോടനം നടത്താൻ തീവ്രവാദികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. 2005 മുതല്‍ ജമ്മു കശ്‌മീരില്‍ റിപ്പബ്ലിക്, സ്വാതന്ത്ര്യദിനങ്ങളിൽ മൊബൈൽ ഫോൺ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കുന്നത് താഴ്വരയിലെ സുരക്ഷാ വിന്യാസത്തിന്‍റെ ഭാഗമാണ്.
റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമാധാനപരമായി അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ റോഡുകളിലും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
ഹുറിയത്ത് കോൺഫറൻസ് പോലുള്ള വിഘടനവാദി ഗ്രൂപ്പുകൾ ജനുവരി 26, ഓഗസ്റ്റ് 15 തീയ്യതികളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാറുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ വിഘടനവാദി നേതാക്കളിൽ ഭൂരിഭാഗവും തടങ്കലിൽ കഴിയുന്നതിനാല്‍ ഇത്തവണ അത്തരം അറിയിപ്പുകള്‍ വന്നിട്ടില്ല.