ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം പഞ്ചാബിലെ കര്‍ഷകരല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സമീപ സംസ്ഥാനമായ പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് പ്രധാന കാരണമെന്ന വാദം ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെയാണ് അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്.
ഡല്‍ഹിയിലെ മലിനീകരണം കാരണം ഇന്ന് രാവിലെ ചണ്ഡിഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗം എത്താന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാല്‍ പഞ്ചാബില്‍ തെളിഞ്ഞ അന്തരീക്ഷമാണുള്ളതെന്നും നിങ്ങള്‍ പഞ്ചാബിനെ കുറ്റപ്പെടുത്തുന്നത് തുടര്‍ന്നോളൂവെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാമത് ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ മാസത്തില്‍ ഗോതമ്പ് പാടങ്ങളില്‍ വിത്ത് വിതക്കുന്നതിന് മുന്നോടിയായാണ് പാടങ്ങളില്‍ വൈക്കോലിന് തീയിടുന്നത്. നൂറുകണക്കിന് ഏക്കര്‍ പ്രദേശങ്ങളില്‍ തീയിടുന്നതോടെ അന്തരീക്ഷത്തില്‍ കനത്ത പുക ഉയരും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് 16 മുതല്‍ 30 ശതമാനം വരെ ഇടയാക്കുന്നത് കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമൂലമുളള പുകയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.