ചണ്ഡിഗഡ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎൽഎഫ്) മേധാവി ഹർമീത് സിംഗ് ഹാപ്പിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗുണ്ടാസംഘം തലവൻ ബൽജിന്ദർ സിംഗ് ബില്ലയെയും കൂട്ടാളികളെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മെഷീൻ ഗൺ, മൂന്ന് പിസ്റ്റളുകൾ (ജർമ്മൻ നിർമിതം), രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ (ഓസ്ട്രിയൻ നിർമിതം), രണ്ട് 30 ബോൺ പിസ്റ്റളുകൾ, ഒരു 32 ബോറെ പിസ്റ്റൾ, 1 .315 ബോറെ റൈഫിൾ, 341 ലൈവ് വെടിയുണ്ടകളും രണ്ട് ഡ്രം മാഗസിനുകളും 14 പിസ്റ്റൾ മാഗസിനുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അത്യാധുനിക ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവ പാക്കിസ്ഥാനിൽ നിന്ന് ഇവർ കടത്തിയതായാണ് വിവരം.
2019 സെപ്റ്റംബർ 24 ന് അതിർത്തിക്കപ്പുറത്ത് നിന്ന് ഫിറോസ്പൂർ സെക്ടറിലെ മംദോട്ട് പ്രദേശത്തേക്ക് കടത്തിയ എകെ -74 റൈഫിളുകൾ അടങ്ങിയ ചരക്കിന്‍റെ ഒരു ഭാഗം ബില്ല സംഘത്തിന് വേണ്ടി എത്തിച്ചതാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ എല്ലാ പ്രതികളെയും പ്രത്യേക ഡോക്ടർമാരുടെ സംഘം കൊവിഡ് -19 പരിശോധനക്ക് വിധേയരാക്കി. കൊലപാതകം, കൊലപാതകശ്രമം, ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക തുടങ്ങി പതിനെട്ടിലധികം ക്രിമിനൽ കേസുകളിൽ ബൽജിന്ദർ സിംഗ് പ്രതിയാണ്.