മുംബൈ: പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചവർ. പൂണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലാണ് സംഭവം. കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് നിഗമനം. മരണം സ്ഥിരീകരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ട്വീറ്റ് ചെയ്തു.
പ്ലാന്‍റിന്‍റെ ഒന്നാം ടെര്‍മിനലിന്‍റെ ഗേറ്റിനോട് ചേര്‍ന്ന് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിയാണ് തീപിടിത്തമുണ്ടായത്. പിന്നീട് മറ്റു നിലകളിലേക്കും തീ പടർന്നു. അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ നടന്നിരുന്ന വെല്‍ഡിങ് ജോലിയാകാം കാരണമെന്നാണ് സൂചന.
അതേസമയം, വാക്‌സിനുകളും വാക്‌സിന്‍ നിര്‍മാണ യൂണിറ്റുകളും സുരക്ഷിതമാണെന്നാണ് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‍റെ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഷീല്‍ഡ് ഉള്‍പ്പെടെ രണ്ട് വാക്സിനുകളുടെ വിതരണം ആരംഭിച്ചിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.