പുതുച്ചേരി: പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,157 ആയി ഉയർന്നു. കൂടാതെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ് മോഹൻ കുമാർ അറിയിച്ചു. മരിച്ച 13 പേർ 45 നും 88 നും ഇടയിൽ പ്രായമുള്ളവരാണ്. 1,315 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്രയും കേസുകൾ കണ്ടെത്തിയത്.
മരണനിരക്കും രോഗമുക്തരായവരുടെ നിരക്കും യഥാക്രമം 1.67 ശതമാനവും 65.76 ശതമാനവും ആണെന്ന് ഡയറക്ടർ അഭിപ്രായപ്പെട്ടു. ഇതുവരെ 77,428 സാമ്പിളുകൾ പരീക്ഷിച്ചതായും 60,902 എണ്ണം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവശേഷിക്കുന്ന സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 293 രോഗികളെ ഡിസ്ചാർജ് ചെയ്തു. കേന്ദ്രഭരണ പ്രദേശത്തെ 397 പുതിയ കേസുകളിൽ 345 കേസുകള്‍ പുതുച്ചേരി റീജിയണിലും 46 കേസുകൾ യാനാമിലും 6 കാരൈക്കലിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം മാഹിയില്‍ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.