റായ്‌പൂര്‍: ക്വാറന്‍റൈൻ കേന്ദ്രത്തിലെ അന്തേവാസിയായ തൊഴിലാളിയോട് ആരോഗ്യപ്രവര്‍ത്തകൻ മോശമായി പെരുമാറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. അന്തേവാസിയെ ഉദ്യോഗസ്ഥൻ ചെരിപ്പ് ഉപയോഗിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം ഇത് പഴയ വീഡിയോയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ.മിഥിലേഷ് ചൗധരി പറഞ്ഞു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്‌തതായും അദ്ദേഹം അറിയിച്ചു.
ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് തൊഴിലാളിയെ രണ്ട് മണിക്കൂറോളം കാണാതായിരുന്നെന്നും ഇയാൾ മദ്യവുമായാണ് മടങ്ങിയെത്തിയതെന്നും ആരോപണമുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കുമെന്നും മിഥിലേഷ് ചൗധരി കൂട്ടിച്ചേര്‍ത്തു.