ന്യൂ ഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിനെതിരെ ഉത്തര്‍പ്രദേശ് സർക്കാരുമായി സഹകരിക്കാൻ തയാറാണന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെഴുതിയ കത്തിലാണ് പ്രിയങ്കാ ഇക്കാര്യങ്ങൾ അറിയിച്ചിത്. കൊവിഡ് 19നെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്നും പോരാട്ടത്തില്‍ താനും ഉണ്ടാകുമെന്നും മാർച്ച് 27 ന് എഴുതിയ കത്തിൽ പ്രിയങ്ക അറിയിച്ചു. അഭിപ്രായ ഭിന്നതകളെ മറികടന്ന് രാജ്യം ഒറ്റക്കെട്ടായി പോരാടാനുള്ള സമയമാണിത്. പാർശ്വവത്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണമെന്നും കത്തിലൂടെ പ്രിയങ്ക അറിയിച്ചു.
ദിവസക്കൂലിക്ക് പണി എടുക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണമെന്നും തൊഴിലാളികൾ, വിധവകൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുപി മുഖ്യമന്ത്രിയോട് പ്രിയങ്ക ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടില്‍ എത്തിക്കാൻ വേണ്ടത് ചെയ്യണം. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മതിയായ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാകുന്നില്ലെന്ന് പരാതികളുണ്ടെന്നും ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ശുചിത്വ തൊഴിലാളികൾ ആശ വര്‍ക്കർമാർ എന്നിവരാണ് കൊവിഡിനെതിരെയുള്ള പോരാളികളെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കലാണ് അദ്യം ചെയ്യേണ്ടതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.