ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ്. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പലരുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ വിവാദമായി മാറിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രിയങ്കയുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഫോണിലേക്ക് സന്ദേശം അയച്ചതായും കോണ്‍ഗ്രസ് പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ നേതാക്കളുടേയും പൗരന്മാരുടേയും വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. സര്‍ക്കാരിന് മെയ് മാസം മുതല്‍ തന്നെ ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും അധികാരത്തിലിരിക്കുന്നവര്‍ ചെയ്തത് കടുത്ത ക്രിമിനല്‍ കുറ്റമാണെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണെന്നും ഫോണ്‍ ചോര്‍ത്തുന്നതിനെ കുറിച്ച് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സാപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നത് അറിയില്ലെന്ന കേന്ദ്ര വാദം തള്ളി വാട്‌സആപ്പ് രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ ചാരസംഘടന വാട്‌സആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ മെയില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചരുന്നു. പിന്നാലെ സെപ്റ്റംബറില്‍ 121 ഇന്ത്യക്കാരുടെ വാട്‌സആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നതായി ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നതായും വാട്‌സആപ്പ് അറിയിച്ചു. ഐടി വകുപ്പിനാണ് ഫെയ്‌സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്‌സആപ്പ് മുന്നറിയിപ്പ് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.