ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവീസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവെ സ്വകാര്യ കമ്പനികളുമായി കൂടിക്കാഴ്‌ച നടത്തുന്നു. 2023ൽ ഇന്ത്യൻ റെയിൽവെ ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്‌ച.
താൽപര്യമുള്ള സ്വകാര്യ കമ്പനികളുടെ സംശയത്തിന് മറുപടി നൽകുന്നതിനും പദ്ധതിക്ക് വ്യക്തത വരുത്തുന്നതിനും കൂടിക്കാഴ്‌ച അവസരമൊരുക്കുന്നു. കൂടിക്കാഴ്‌ചയിൽ സ്വകാര്യ കമ്പനികൾക്ക് വിശദീകരണങ്ങൾ ആവശ്യപ്പെടുകയോ, റെയിൽവെക്ക് നിർദേശങ്ങൾ നൽകുകയോ ചെയ്യാം. സൂക്ഷ്‌മമായ പഠനങ്ങൾക്ക് ശേഷം റെയിൽവെ മറുപടി നൽകുമെന്ന് റെയിൽവെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്‌ച വൈകുന്നേരം വരെ 15 കക്ഷികൾ രണ്ട് ലക്ഷം രൂപ നൽകി അപേക്ഷകൾ ഡൗൺലോഡ് ചെയ്‌തതായി മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ മാസം മുതലാണ് രാജ്യത്തൊട്ടാകെയുള്ള 109 റൂട്ടുകളിൽ 151 ആധുനിക പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവെ സ്വകാര്യ കമ്പനികളെ സമീപിച്ചത്. 30,000 കോടിയുടെ സ്വകാര്യനിക്ഷേപത്തിലാണ് പദ്ധതി നടപ്പിലാക്കുക. 2022-23 ൽ 12 ട്രെയിനുകൾ, 2023-2024 ൽ 45, 2025-26 ൽ 50, അടുത്ത സാമ്പത്തിക വർഷത്തിൽ 44 ട്രെയിനുകൾ പുറത്തിറക്കാനാണ് പദ്ധതി.
2026-27 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ 151 ട്രെയിനുകൾ പുറത്തിറക്കാനാണ് തീരുമാനം. യോഗ്യതാ അപേക്ഷ സ്വീകരിക്കാൻ സ്വകാര്യ കമ്പനികൾക്ക് നവംബർ വരെ സമയമുണ്ട്. സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുന്നതിനുള്ള സമയപരിധി പ്രകാരം 2021 മാർച്ചിൽ ലേലം ആരംഭിക്കുകയും ഏപ്രിൽ 31 നകം ലേലക്കാരെ തെരഞ്ഞെടുക്കുകയും ചെയ്യും.