ന്യൂഡൽഹി: രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്‍റ് ഗവർണർമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. കൊവിഡ് മരണം ഇന്ത്യയിൽ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, ജാഗ്രതയിലെ ചെറിയ പിഴവ് പോലും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പിന്നോട്ട് വലിക്കും. മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. രാജ്യം ലോകത്തിന് മാതൃകയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രിയുടെ ആറാമത്തെ വീഡിയോ കോൺഫറൻസിങ്ങ് യോഗമാണിത്. പഞ്ചാബ്, കേരളം, ഗോവ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
ബുധനാഴ്ച പ്രധാനമന്ത്രി മോദി 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജമ്മു കശ്മീർ ഗവർണറുമായും സംവദിക്കും. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കർണാടക, ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് വളരെ മോശമായി ബാധിച്ച സംസ്ഥാനങ്ങളാണിവ. തുടർച്ചയായി അഞ്ചാം ദിവസവും പതിനായിരത്തോളം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,43,091 ആയി ഉയർന്നു. 380 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 9,900 ആയി ഉയർന്നു.