ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന നിയമ ബിൽ കർണാടക നിയമനിർമാണ കൗൺസിൽ പാസാക്കി. പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനെ മറികടന്നാണ് കൗൺസിൽ നിയമം പാസാക്കിയത്. നിയമനിർമാണ കൗൺസിലിൽ കന്നുകാലി കശാപ്പ് നിരോധന ബില്ലിന്‍മേല്‍ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു.
സംഘപരിവാർ ശക്തികൾക്ക് വേണ്ടിയാണ് സർക്കാർ ബില്ല് അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപെടുത്തി. ബില്ല് വിശദമായ ചർച്ചയ്ക്ക് വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം സഭ ചേയർപേഴ്സൺ നിരാകരിച്ചു. ഇത് സഭയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുളള വാക്കേറ്റതിന് കാരണമായി. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും അംഗങ്ങൾ ചെയർപേഴ്‌സന്‍റെ ഡയസിനു മുന്നിൽ എത്തി ബഹളം വെച്ചു. പ്രതിപക്ഷ അംഗങ്ങൾ ബില്ല് കീറി എറിഞ്ഞു. ബഹളത്തിനിടെ ശബ്ദ വോട്ടോടെ ബില്ലിന് നിയമനിർമാണ കൗൺസിൽ അംഗീകാരം നൽകി.
ഈ നിയമപ്രകാരം കർണാടകയിൽ ഗോമാംസം വിൽക്കുന്നതോ കടത്തുന്നതോ പശുക്കളെ കൊല്ലുന്നതോ ശിക്ഷാർഹമാണ്. എന്നാൽ, പശുവിന് എന്തെങ്കിലും രോഗം പിടിപെട്ട് മറ്റ് കന്നുകാലികളിലേക്ക് പടരാൻ സാഹചര്യമുണ്ടെങ്കിൽ മാത്രം അവയെ കശാപ്പ് ചെയ്യാനും കൊല്ലാനും അനുവദിക്കും.