ന്യൂഡല്‍ഹി: കർഷകരുടെയും ആരോഗ്യ പ്രവർത്തകരുടേയും സൈനികരുടെയും സേവനങ്ങൾ എടുത്ത് പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ക്ഷേമത്തിന് വേണ്ടി ആണ് സർക്കാർ നിലകൊള്ളുന്നത്. ഭക്ഷ്യ വിഭവത്തില്‍ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കിയ കർഷകരെ ഓരോ ഭാരതീയനും അഭിവാദ്യം ചെയ്യുന്നുവെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
കൊവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്‌ക്കാൻ ആരോഗ്യ പ്രവർത്തകരും ശാസ്‌ത്രഞ്ജരും വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയ രാഷ്‌ട്രപതി കൊവിഡ് വാക്‌സിൻ സ്വീകരിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ചൈനയുമായ് ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാഷ്‌ട്രപതി പ്രണാമം അർപ്പിച്ചു.
കശ്‌മീരിൽ, ബീഹാർ തെരഞ്ഞെടുപ്പുകളെ രാഷ്‌ട്രപതി പ്രസംഗത്തിൽ എടുത്ത് പറഞ്ഞു. സത്യസന്ധമായ തെരഞ്ഞടുപ്പിലൂടെ നമ്മുടെ ജനാധിപത്യം എന്നെന്നും ഓർമിക്കപ്പെടുന്ന വിജയമാണ് കൈവരിച്ചതെന്നും രാഷ്‌ട്രപതി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തയായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലാവരും പവിത്രമായി കാണണമെന്നും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.