ന്യൂഡല്‍ഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതി നല്‍കിയ ക്യുറേറ്റീവ് പെറ്റിഷൻ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പവൻ ഗുപ്ത ദയാഹർജി നല്‍കിയത്. പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറന്‍റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയതോടെ കേസിലെ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂർത്തിയായി.
കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, എന്നിവരുടെ ദയാഹർജികൾ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. 2012 ഡിസംബർ 16നാണ് ഡല്‍ഹിയില്‍ ഓടികൊണ്ടിരുന്ന ബസിനുള്ളില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം പെൺകുട്ടി മരിച്ചു.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതിയായ രാം സിംഗ് ജയിലില്‍ തൂങ്ങി മരിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോർഡ് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച പ്രായപൂർത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.